Saturday, September 2, 2017

 രതീഷ് മാസ്റ്റർക്ക് ദേശീയ അവാർഡ് 



'രക്തദാനം മഹാദാന'മാക്കി പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.രതീഷ്‌കുമാറിന് ദേശീയ അധ്യാപക അവാര്‍ഡ്.അധ്യാപകദിനമായ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് സമ്മാനിക്കും.കേരളത്തില്‍നിന്ന് പ്രൈമറി വിഭാഗത്തില്‍ അഞ്ചും സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴും അധ്യാപകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 23 വര്‍ഷമായി വര്‍ഷമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജന്തുശാസ്ത്രം അധ്യാപകനാണ് പി.രതീഷ്‌കുമാര്‍. 2012-13-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിരുന്നു.തളിപ്പറമ്പ് പൂക്കോത്ത്‌ തെരുവിലെ പരേതനായ പി.ഗോപാലന്റെയും പി.കെ.സാവിത്രിയുടെയും മകനാണ്.
1986 മുതല്‍ നിരന്തരം രക്തദാനം നടത്തിയും ലഹരിക്കെതിരെ പോരാടിയും കാവുകളുടെ സംരക്ഷണം ഓര്‍മപ്പെടുത്തിയും ശ്രദ്ധേയനാണ് രതീഷ്‌കുമാര്‍. 60 തവണയാണ് ഇദ്ദേഹം രക്തദാനം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയിലെ രക്തബാങ്കിലേക്കാണ് മേയ് നാലിന് ഒടുവില്‍ നല്‍കിയത്. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഇദ്ദേഹം ജീവിതത്തില്‍ ഒരുതവണയെങ്കിലും രക്തദാനം നടത്താന്‍ വിദ്യാര്‍ഥികളെയും മറ്റും പ്രേരിപ്പിക്കുകയും ഇത് സാമൂഹികപ്രവര്‍ത്തനമായി മാറ്റുകയും ചെയ്തു. 2012, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ മികച്ച രക്തദാതാവിനുള്ള അവാര്‍ഡ് രതീഷിനായിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മുന്‍ മേധാവി ഡോ. മറിയമ്മ കുരുവിളയായിരുന്നു രക്തദാനത്തിന് രതീഷിന് പ്രചോദനമായത്. അവയവദാനം, സാന്ത്വനപരിചരണം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായാണ് തുടക്കം. മികച്ച സംസ്ഥാന ടൂറിസ്റ്റ് ക്ലബ്ബ് അവാര്‍ഡ്, മാതൃഭൂമി- സീഡ് ക്ലബ്ബിന്റെ മികച്ച ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന അവാര്‍ഡ്, റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, ഗ്ലോബല്‍ ടീച്ചര്‍ റോള്‍മോഡല്‍ അവാര്‍ഡ്, ആന്റി നാര്‍ക്കോട്ടിക് സംസ്ഥാന അവാര്‍ഡ്, മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള മേഖലാ പുരസ്‌കാരം തുടങ്ങി 17 ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഇദ്ദേഹം 250-ല്‍പ്പരം തെയ്യങ്ങളുടെ ചിത്രം പകര്‍ത്തി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment