ജോലിസ്ഥലത്തും വീട്ടുവളപ്പിലും വിശ്രമമില്ലാത്ത അധ്വാനവും കണിശതയുമായിരുന്നു ആ ജീവിതം. മൂന്ന് പതിറ്റാണ്ട് ചട്ടഞ്ചാലിന്റെ അക്ഷരമുറ്റത്ത് തണലേകി കഴിഞ്ഞദിവസം അന്തരിച്ച പയ്യന്നൂര്‍ കാങ്കോല്‍ കുണ്ടയംകൊവ്വല്‍ താഴെ കുറുന്തിലെ പി.അവനീന്ദ്രനാഥ് എന്ന അധ്യാപകന്‍. 1984-ല്‍ ആണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി അദ്ദേഹം എത്തുന്നത്. കര്‍ക്കശകാരനായ കണക്ക് അധ്യാപകനായിരുന്നു. പുതുമപകര്‍ന്ന അദ്ദേഹത്തിന്റെ അധ്യാപനശൈലി കുട്ടികള്‍ക്ക് വഴിവിളക്കായി. പരുക്കന്‍ പ്രകൃതത്തിനുള്ളില്‍ മൃദുവാര്‍ന്ന സാമീപ്യമുണ്ടെന്ന് പലരും പിന്നീട് തിരിച്ചറിഞ്ഞു.സ്‌കൂളില്‍ എന്നും ആദ്യമെത്തുന്നത്
എറ്റവും ദൂരെനിന്ന് വരുന്ന അവനീന്ദ്രനാഥായിരുന്നു. രാവിലെ ഏഴിന് എന്നും അദ്ദേഹം സ്‌കൂളിലെത്തും. മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി രാത്രിയോടെയായിരുന്നു പതിവ്മടക്കം. സ്‌കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് അവനീന്ദ്രനാഥ് പ്രോത്സാഹനം നല്‍കി. അഖില എന്ന കുട്ടിക്ക് കൊളത്തൂര്‍ ബറോട്ടിയില്‍ വീട് നിര്‍മിച്ചതില്‍ ഇദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. വിരമിച്ചപ്പോള്‍ വിശ്രമജീവിതത്തിലേക്ക് ഒതുങ്ങിയില്ല. കൃഷിയും സേവന-സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സക്രിയമായി. ടില്ലര്‍ എത്താത്ത സ്വന്തംപറമ്പിലെ രണ്ട് വയല്‍ സ്വന്തം അധ്വാനത്തിലൂടെ കഴിഞ്ഞ ദിവസം ഇദ്ദേഹം കിളച്ചിട്ടിരുന്നു. വാഴ, നെല്ല്, പച്ചക്കറി എന്നിവ അദ്ദേഹം കൃഷിചെയ്തു. പയ്യന്നൂരില്‍ എല്ലാ രണ്ടാംശനിയാഴ്ചയും നടക്കുന്ന ജൈവ പച്ചക്കറിച്ചന്തയില്‍ ഇദ്ദേഹം എത്തും, വിഷമുക്തമായ നാടന്‍ ചേമ്പും താളും മുരിങ്ങയിലയുമായി. പാവപ്പെട്ട കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ വിരമിച്ചശേഷം സൗജന്യ ക്ലാസെടുത്തിരുന്നു. നാട്ടില്‍ വായനശാല, പൊതുശ്മാശനം എന്നിവയ്ക്കും അദ്ദേഹം പ്രയത്‌നിച്ചു. 2018 മേയ് 31-ന് ഇദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ ശിഷ്യസമൂഹം ആലോചനയിലായിരുന്നു. മരണവിവരമറിഞ്ഞ് ഒട്ടേറെ ശിഷ്യരും സഹപ്രവര്‍ത്തകരും പരിയാരം മെഡിക്കല്‍ കോളേജിലും വീട്ടിലുമെത്തി. ചട്ടഞ്ചാല്‍ സ്‌കൂളിന് വേണ്ടി മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി റീത്ത് സമര്‍പ്പിച്ചു. സ്റ്റാഫ് അംഗങ്ങള്‍, പി.ടി.എ. ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
No comments:
Post a Comment