Wednesday, October 8, 2014

                                         ഓര്‍മ്മയിലെ നടുക്കം!
ഒക്ടോബര്‍ 5 ! ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എന്നെന്നേയ്ക്കും ഒരു കറുത്തദിനമാണ്.  ഒരു വ്യാഴവട്ടമായി (പന്ത്രണ്ടുവര്‍ഷം)  ആ രണ്ടു ശ്രേഷ്ഠഗുരുക്കന്മാര്‍ ഒരുമിച്ച് ലോകത്തോട് വിടചൊല്ലി.


  അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു മീറ്റിങ് നടക്കുന്നതിനാല്‍ ക്ലാസുകള്‍ കുറച്ചു നേരത്തേ വിട്ടിരുന്നു. മൂന്നാലു ഹയര്‍സെക്കണ്‌ടറി അധ്യാപകര്‍ സ്റ്റാഫ്റൂമിലിരുന്ന് ആഹ്ലാദപൂര്‍വം കുറേ സമയം വര്‍ത്തമാനം പറഞ്ഞു. കുഞ്ഞികൃഷ്ണന്‍മാഷ് അന്നു രാവിലെ തിരുവനന്തപുരത്തുനിന്നു വന്നതേയുള്ളു. മാധവന്‍മാഷു‌ടെ പ്ലസ്ടു നിയമനാംഗീകാരത്തിലെ ചില കുരുക്കുകള്‍ അഴിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയിലായിരുന്നു കുഞ്ഞികൃഷ്ണന്‍ മാഷ്. ആ ആശ്വാസത്തിലാണ് മാധവന്‍ മാഷും. വര്‍ത്തമാനം പറഞ്ഞുകൊണ്ടുതന്നെ ആധ്യാപകര്‍ പുറത്തിറങ്ങി. മാധവന്‍ മാഷുടെ  സ്കൂട്ടറില്‍ (മാഷ് വല്ലപ്പോഴുമേ വണ്ടിയെടുത്ത് സ്കൂളില്‍ വരാറുള്ളൂ) രണ്ടുപേരും സ്കൂള്‍ മൈതാനം കടന്ന് പോയി. പിന്നീട് ഒരു നൂറുമീറ്ററേയുള്ളു ഹൈവേയിലെത്താന്‍. ഹൈവേയിലേക്ക് സ്കൂട്ടര്‍ കയറിയതേയുള്ളു. അപ്പോഴാണ് ഇടിമിന്നല്‍ പേലെ ആ അപകടം സംഭവിച്ചത്. വിധി അതിന്റെ ഏതു വാതില്‍ എപ്പോള്‍ തുറക്കുമെന്ന് ആര്‍ക്കറിയാം! ജീവിതം കൊണ്ട് വെളിച്ചം വിതറിയ ആ കര്‍മ്മസൂര്യന്മാര്‍ ഒന്നിച്ച് ആ വൈകുന്നേരം അസ്തമിച്ചു. "ഗുണികളൂഴിയില്‍ നീണ്ടു വാഴാ " എന്നാണല്ലോ കാവ്യപ്രമാണം ഗുണ നിധികളായിരുന്ന ആ ഗുരുനാഥന്മാരെ ഇപ്പോഴും സ്നേഹപൂര്‍വ്വം ഞങ്ങള്‍ അനുസ്മരിക്കുന്നു

No comments:

Post a Comment