Friday, November 18, 2016

ജില്ലാ ശാസ്‌ത്രോത്സവം: സംവിധാനം, നിര്‍വഹണം മൊയ്തീന്‍കുട്ടി ഹാജി

സ്‌കൂളിന് മാനേജര്‍ എന്തായിരിക്കണമെന്ന് കാണിച്ച് കൊടുക്കുകയാണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി. ജില്ലാ ശാസ്‌ത്രോത്സവം ഏറ്റെടുത്ത അന്നു മുതല്‍ സ്‌കൂളില്‍ നടന്ന ഓരോ പ്രവര്‍ത്തനത്തിലും മൊയ്തീന്‍കുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതല്‍ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളര്‍ത്താത്ത ആവേശവുമായി അദ്ദേഹം സ്‌കൂളില്‍ ഓടി നടന്നു.
പ്രദർശന
സ്റ്റാളുകളിലും ഭക്ഷണശാലയിലും വൊളന്റിയര്‍ സംഘത്തിന് നിര്‍ദേശവുമായി അദ്ദേഹം സദാസമയവും നിലയുറപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അന്യ ജില്ലകളില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങള്‍ക്കും ഒരു കുറവും വരാതെ നോക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതും മൊയ്തീന്‍കുട്ടി ഹാജിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഏതാനും മാസം മുമ്പാണ് മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റ മാനേജര്‍ പദവി ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയ നടപടി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.

No comments:

Post a Comment